2012, ഫെബ്രുവരി 25, ശനിയാഴ്‌ച

തെണ്ടി

അന്നു മുഴുവന്‍ എന്റെ മനസ്സില്‍
അവളായിരുന്നു...
മണ്ണിലുരയുമ്പോള്‍ തരിപ്പുപോലുമില്ലാത്ത
കാലുകള്‍
വലിച്ചിഴച്ച് ഞാന്‍ നടന്നു....
കത്തുന്ന വെയിലത്ത്
സിഗ്നലില്‍ പെട്ടു കിടക്കുന്ന
കാറുകളായിരുന്നു എന്റെ ഉന്നം
തിരക്കിലൂടെ ഞാന്‍
ഏന്തിവലിഞ്ഞ് കാറുകളുടെയടുത്തെത്തി
കൈകള്‍ നീട്ടുമ്പോള്‍
ഒരേ പ്രാര്‍ത്ഥനയായിരുന്നു...

ഇന്ന് ആരും തന്നെ കൈയ്യൊഴിയല്ലേ..
നാണയത്തുട്ടുകള്‍ കിട്ടിയതു
കൂട്ടിവച്ച് എണ്ണി....
എത്രയാവും അവള്‍ ചോദിയ്ക്കുക...
എത്രയായാലും അവള്‍ ഒരു ഹരമായി
തന്നെ പിടികൂടിയിട്ട് കാലമൊരുപാടായി
വൈകിട്ട് പമ്പിനടുത്തുള്ള
ടെക്സ്റ്റൈല്‍ ഷോപ്പിന്റെയരുകില്‍ ഇരുന്ന്
നടന്നുപോകുന്ന ആളുകള്‍ക്കു നേരെ കൈനീട്ടുമ്പോഴും
അതേ ചിന്തയായിരുന്നു ഉള്ളില്‍..
അതിലൂടെയാണ് അവള്‍ നടന്നു പോവാറ്‌
ഞാനോര്‍ത്തു.....
നടക്കുമ്പോള്‍ കിലുങ്ങുന്ന
തിള
ക്കമുള്ള പാദസരം
കിലുങ്ങുന്നത് അവളുടെ കാലിലല്ല....
തന്റെ ഹൃദയത്തിലാണ്
നടപ്പിന്റെ താളത്തില്‍ ഇളകുനത്
അവളുടെ ശരീരമല്ല....
തന്റെ ഉള്ളാണ്....
ഒരായുസ്സുമുഴുവന്‍ കൂട്ടിവച്ച
ചുംബനങ്ങള്‍ ഇന്നു ഞാന്‍
അവളുടെ മേനിയില്‍ വാരിവിതറും...
അവളില്‍ പടര്‍ന്നുകയറാന്‍
എന്റെ മനസ്സു വെമ്പി...
പടികയറുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു...
ശ്വാസമെടുക്കാന്‍പോലും ഒരു വിഷമം
മനസ്സത്ര ത്രസിച്ചിരുന്നു....
വാതില്‍ തുറന്ന അവള്‍ പുഞ്ചിരിച്ചു..
എന്നിട്ടകത്തേയ്ക്കു പോയി...
തിരിച്ചു വന്ന അവള്‍ ഒരു പത്തുരൂപാനോട്ട്
എന്റെ കൈയില്‍ വച്ചു തന്നു.....
നനവില്ലാത്ത കണ്ണീരോടെ
തിരിച്ചു നടക്കുമ്പോള്‍ സ്വയം വിളിച്ചു
‘തെണ്ടി’

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ